ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

21 Oct 2015

പത്തു സെന്റിലെ ക്ഷീര കര്‍ഷകന്‍

 
         കൂടരഞ്ഞി പനക്കച്ചാലില്‍ കോവിലങ്ങല്‍ മുകേഷിന് റബര്‍ ടാപ്പിംങ്ങായിരുന്നു ജോലി  കൂടെ വാഴക്ക്യഷിയുമൊക്കെ ചെയ്ത് ജീവിതം തള്ളി നീക്കുന്ന സമയത്താണ്  ഒരു പശുവിനെ വാങ്ങി വളര്‍ത്തിത്തുടങ്ങിയത്. ഇപ്പോള്‍ നാലു കൊല്ലമായി ഒരു പശുവിന്റെ സ്ഥാനത്ത് ഒമ്പത് പശുക്കളുടെ ഉടമയാണ് മുകേഷ്. മാത്രമല്ല കൂടരഞ്ഞി ക്ഷീരോദ്പാദക സഹകരണ സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാലളക്കുന്ന ക്ഷീരകര്‍ഷകനും. കണ്ണടച്ചു തുറന്നപ്പോള്‍ ഉണ്ടായ സൌഭാഗ്യമല്ല ഈ പശുക്കള്‍, മുകേഷിന്റെ കുടുംബത്തിന്റെ കഠിനാധ്വാനത്തിന്റെ ബാക്കി പത്രമാണ്.
കുടുംബാംഗങ്ങള്‍  പുല്ലു ചെത്തലില്‍
കുറഞ്ഞ സ്ഥലത്തെ പശുവളര്‍ത്തല്‍
                  കുടുംബവിഹിതം തിരിച്ചിട്ടില്ലെങ്കിലും തനിക്കു കിട്ടാന്‍ ഇടയുള്ള പത്തു സെന്റിലാണ്  പശുക്കളെ വളര്‍ത്തുന്നത് . നാലു പശുക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ കറവയുള്ളത്. ദിവസവും അറുപത് ലിറ്ററോളം പാല്‍ ലഭിക്കുന്നു. സങ്കര ഇനത്തില്‍പ്പെട്ട പശുക്കളെയാണ് വളര്‍ത്തുന്നത്. രണ്ടു തൊഴുത്തുകളാണ് ഇവിടെയുള്ളത്. മുകളിലും താഴെയായും. മുകളില്‍ വീടിനു മുന്‍വശത്തുള്ള തൊഴുത്തില്‍ കറവയുള്ള പശുക്കളും പ്രസവിക്കാറായ പശുക്കളേയും വളര്‍ത്തുന്നു. അതിനു താഴെയുള്ള തൊഴുത്തില്‍ ചെനയില്ലാത്ത പശുക്കളേയുമാണ് വളര്‍ത്തുന്നത്. ഇവിടെ ഓരോ പശുക്കള്‍ക്കും പേരുണ്ട് ആ പേരുകള്‍ വിളിച്ചാല്‍ തിരിച്ചറിയുന്നുമുണ്ട്. ആദ്യം ഇവിടെ വളര്‍ത്തിയ പശുവിനോട് പ്രത്യേക സ്നേഹമുണ്ട്. അമ്മിണി എന്ന വിളിപ്പേരുള്ള ഈ പശുവിനെക്കൂടാതെ മറ്റുള്ള പശുക്കള്‍ക്കും വിളിപ്പേരുണ്ട് മാളു, കൊഞ്ചി, ദേവു, മീനാക്ഷി, സുന്ദരി, പൊന്നു, പാറു, കാര്‍ത്തു എന്നിങ്ങനെ.
ദൈനംദിന പ്രവര്‍ത്തങ്ങള്‍ 
                 രാവിലെ നാലരയ്ക്ക് പശുക്കളെ കുളിപ്പിച്ചതിനു ശേഷം കറവ എട്ടുമണിക്ക് തീറ്റ കൊടുക്കുന്നു തീറ്റയായി കേരള ഫീഡ്സ് കാലിത്തീറ്റയും ചോളപ്പൊടിയും പുല്ലുമാണ് നല്‍കുന്നത്. വെള്ളത്തിന് ഓട്ടോമാറ്റിക്കായി വെള്ളം ലഭിക്കുന്ന സംവിധാനം സ്ഥാപിച്ചിട്ടുണ്ട് . ഭാര്യ സുനിത മക്കള്‍ പ്ലസ് ടു വിന് പഠിക്കുന്ന അനഘ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അരുണ്‍ എന്നിവര്‍ കറവയില്‍ സഹായിക്കുന്നു. മുകേഷ് രണ്ടു പശുക്കളെ കൈകൊണ്ട്  കറക്കുമ്പോള്‍ മക്കള്‍ കറവയന്ത്രം ഉപയോഗിച്ച് കറക്കുന്നു. പന്ത്രണ്ട്  മണിയോടെ അടുത്ത പറമ്പില്‍ പുല്ലു വെട്ടാന്‍ പോയതിനു ശേഷം 2 മണിക്ക് കറവ. തുടര്‍ന്ന് ചാണകം പറ്റി വ്യത്തികേടായ പശുക്കള്‍ ഉണ്ടെങ്കില്‍ അവയെ കുളിപ്പിക്കും. പാല്‍ സൊസൈറ്റിയിലേക്കാണ് കൊടുക്കുന്നത് മൂന്നു മണിയാകുമ്പോഴേക്കും വീടിനു മുന്നൂറ് മീറ്റര്‍ താഴെ ഓട്ടോറിക്ഷയെത്തും. വണ്ടി വരുന്ന സൌകര്യമില്ലാത്ത ഇവിടെ പാല്‍ ചുമന്നു കൊണ്ട് താഴെ വണ്ടിക്കരികിലേക്കെത്തിക്കും. പുല്‍ക്ക്യഷിയുണ്ടിവിടെ അയല്‍പ്പറമ്പില്‍ പുല്ല് ക്യഷി ചെയ്യുന്നതിന് അനുവാദം നല്‍കി മുകേഷിന്റേയും കുടുംബത്തിന്റേയും പശു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ അയല്‍ക്കാര്‍ എല്ലാവിധ സഹായവും ചെയ്യുന്നുണ്ടിവിടെ. അനുജന്റെ കൂടെ താമസിക്കുന്ന മുകേഷിന്റെ പിതാവും മാതാവും ഇവരുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു എന്നത് ക്ഷീര മേഖലയില്‍ തുടരുന്നതിന്  മുകേഷിന് കരുത്താവുന്നു. 
മാത്യഭൂമി ന്യൂസ് റിപ്പോര്‍ട്ടരും ക്യാമറാമാനുമായ രജിത്തിനൊപ്പം
പാല്‍ മാത്രമല്ല വരുമാന മാര്‍ഗ്ഗം  
                ഇവിടെ പാല്‍ മാത്രമല്ല വരുമാന മാര്‍ഗ്ഗം ചാണകം ഉണക്കി പൊടിച്ച് വില്‍ക്കുന്നുണ്ടിവിടെ. ആവശ്യക്കാര്‍ അവ നേരിട്ട് വാങ്ങുന്നു. ആയിനത്തില്‍ മോശമല്ലാത്ത തുക ലഭിക്കുന്നു. പ്രധാന റോഡിനോട് അകലെയാണെന്നതും വീട് കുന്നിനു മുകളില്‍ ആണെന്നതും മറ്റു മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നതിന് വിഘാതം സ്യഷ്ടിക്കുന്നു. കൂടാതെ ദീനബന്ധു മാത്യകയിലുള്ള ബയോഗ്യാസ് പ്ലാന്റ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്   രണ്ടു വീട്ടിലേക്കാവശ്യമായ ബയോഗ്യാസ് ലഭിക്കുന്നു. 
നല്ല പാഠം 
  പത്തു സെന്റുള്ളവനും ക്ഷീര കര്‍ഷകനാകാമെന്നും എത്ര കുറഞ്ഞ സ്ഥലത്തും പശുവിനെ വളര്‍ത്താമെന്നും. നല്ല വണ്ണം കഠിനാധ്വാനം ചെയ്യാനും ത്യാഗം ചെയ്യാനും ഒരുക്കമുള്ളവര്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുമെന്നുമുള്ളതുമായ നല്ല പാഠമാണ് മുകേഷിന്റെ ജീവിതം നമുക്ക്  കാണിച്ചു തരുന്നത്.
വിലാസം
മുകേഷ്
കോവിലങ്ങല്‍
കൂടരഞ്ഞി പി ഒ
കോഴിക്കോട് ജില്ല
ഫോണ്‍ നം 9946903550.


തയറാക്കിയത് : മിഷേല്‍ ജോര്‍ജ്,ക്യഷി അസ്സിസ്റ്റന്റ്.