ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

28 Jul 2014

ജാതിക്ക്യഷിയില്‍ വിജയവുമായി ജോസഫ് പ്ലാത്തോട്ടത്തില്‍



ശ്രീ.ജോസഫ് പ്ലാത്തോട്ടം ക്യഷിയിടത്തില്‍
           'പൂവാറന്‍തോട് 'എന്ന സ്ഥലത്തെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ടാവാം, പോകാനുള്ള അവസരമുണ്ടാകാത്തതിനാല്‍ പലര്‍ക്കും ഈ സ്ഥലത്തെപ്പറ്റി കൂടുതലൊന്നുമറിയാന്‍ കഴിഞ്ഞിട്ടുമുണ്ടാവില്ല.  കൂടരഞ്ഞി പഞ്ചായത്തിലെ ഉയര്‍ന്ന
മലയോര പ്രദേശമായ പൂവാറന്‍തോട് കുടിയേറ്റ കര്‍ഷകരുടെ പറുദീസയായിരുന്നു. യാത്രാ സൌകര്യമില്ലാതിരുന്ന കാലഘട്ടത്തില്‍ കഷ്ടപ്പാടുകളെ നേരിട്ട് വന്യമ്യഗങ്ങളോട് പടവെട്ടി ക്യഷി ഉപജീവനമാക്കി ജീവിതം കരുപ്പിടിപ്പിച്ചവരായിരുന്നു പൂവാറന്‍തോട്ടുകാര്‍. ആദ്യം കുടിയേറിയവരില്‍ കുറേപ്പേര്‍ ഇന്നും അവിടെ തുടരുന്നു ചിലര്‍ മക്കളുടെ പഠന സൌകര്യങ്ങള്‍ ഉദ്ദേശിച്ച് കൂടരഞ്ഞിയിലേക്ക് താമസം മാറ്റുകയോ മറ്റുചിലര്‍ സ്ഥലം വിറ്റു പോവുകയോ ചെയ്തിട്ടുണ്ട് .എങ്കിലും കുടിയേറിയവരില്‍ ഭൂരിപക്ഷവും അവിടെത്തന്നെ ഇപ്പോഴും തുടരുന്നുണ്ട്.
                   കുടിയേറ്റത്തിന്റെ ആദ്യകാലഘട്ടത്തില്‍ ഇവിടെ കുടിയേറി ജീവിതം കരുപ്പിടിപ്പിച്ച ഒരു കര്‍ഷകനാണ് ജോസഫ് പ്ലാത്തോട്ടത്തില്‍ എന്ന കുഞ്ഞേപ്പേട്ടന്‍. ഇപ്പോള്‍ താമസം കൂടരഞ്ഞിയിലാണെങ്കിലും പൂവാറന്‍തോട്ടിലെ മണ്ണാര്‍പ്പൊയില്‍ പ്രദേശത്ത് ഇപ്പോഴും അദ്ദേഹം ക്യഷിയില്‍ വ്യാപ്യതനാണ്. ജാതിയാണ് അദ്ദേഹം ഇപ്പോള്‍ മുഖ്യമായും ക്യഷി ചെയ്യുന്ന വിള. ആനയുടെ ശല്യം രൂക്ഷമായ ഈ പ്രദേശം വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്നതും പ്രക്യതിരമണീയവുമാണ്. കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന ധനസഹായം ലഭ്യമായ സ്പ്രിം ക്ലര്‍ ഉപയോഗിച്ചാണ് ജാതികള്‍ നനക്കുന്നത്. മികച്ച ജാതിമരങ്ങളാണ് അദ്ദേഹത്തിന്റെ തോട്ടത്തിലുള്ളത്.  ജാതി തൈകളുണ്ടാക്കാന്‍ ജാതിക്കാ തേടി നിരവധിയാളുകള്‍ അദ്ദേഹത്തിന്റെയടുത്തെത്താറുണ്ട്. നല്ല വിളവാണ് അദ്ദേഹത്തിന്റെ ജാതിത്തോട്ടത്തില്‍ നിന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒറ്റയാന്‍ കയറിയിറങ്ങി തോട്ടത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കിയെങ്കിലും, അദ്ദേഹം ക്യഷി ഉപേക്ഷിക്കാനുദ്ദേശിക്കുന്നൊന്നുമില്ല. എങ്കിലും പുതിയ തലമുറ ക്യഷിയിലേക്ക് വരാതിരിക്കുന്നതില്‍ പരിഭവമുണ്ട്. മക്കളൊക്കെ തങ്ങളുടെ ജോലിയില്‍  വ്യപ്യതരായാതിനാല്‍ അവര്‍ക്ക് ക്യഷിയില്‍ ശ്രദ്ധിക്കാനാവുന്നില്ല എങ്കില്‍ത്തന്നെയും ഈ ക്യഷിയൊക്കെ തനിക്ക് ആവുന്ന കാലം വരെ മുന്നോട്ടു കൊണ്ടു പോകും എന്ന വാശിയിലാണ് ഈ കര്‍ഷകന്‍. പൂവാറന്‍തോട്ടിലെ  അനുയോജ്യമായ കാലാവസ്ഥയും കഠിനാധ്വാനവുമാണ് ജാതിക്ക്യഷിയില്‍ വിജയിച്ചതിന്റെ കാരണമായി കുഞ്ഞേപ്പേട്ടന്‍ പറയുന്നത്.
ലേഖകന്‍ ക്യഷിയിടത്തില്‍


മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്