ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

28 Jul 2014

കക്കാടംപൊയിലിലെ മണ്ണിന്റെ മനസറിഞ്ഞ കര്‍ഷകന്‍ ....

          
                   കക്കാടംപൊയിലിനെ ഒരു കാലഘട്ടത്തില്‍ സമ്പന്നമാക്കിയ കമുകിന്‍ത്തോട്ടങ്ങള്‍ നശിച്ചു തുടങ്ങിയപ്പോള്‍ ഇനി വേറെ എന്ത് ക്യഷി എന്ന ചോദ്യം അവിടങ്ങളിലെ കര്‍ഷകരുടെ മനസ്സുകളിലേക്ക് കടന്നു വന്നു.  രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ കക്കാടംപൊയിലിലേക്ക്
യാത്രയാവുന്നവര്‍ പണി തീരാത്ത വീടുകള്‍ കണ്ടു പരിഹസിച്ചു,  അടക്കയുടെ വലിയ വില കണ്ട് വീടുകളുടെ പണി തുടങ്ങിയവര്‍ക്ക് അടക്കയുടെ വിലത്തകര്‍ച്ചയും കവുങ്ങിന്റെ മഞ്ഞളിപ്പും മൂലം പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇങ്ങനെയുള്ള പരിതസ്ഥിതിയില്‍ ചിലര്‍ സ്ഥലം വിറ്റു പോയി ചിലര്‍ വിധിയെ പഴിച്ചു എന്നാല്‍ വേറെ ചിലര്‍ മണ്ണിനോട് പടവെട്ടി ക്യഷി തുടര്‍ന്നു. ഇങ്ങനെ മണ്ണിനോട് പൊരുതിയ കക്കാടംപൊയിലിലെ ഒരു മികച്ച കര്‍ഷകനാണ് ജയ്സണ്‍ മഠത്തികണ്ടത്തില്‍.

                  ഇദ്ദേഹത്തിന്റെ ക്യഷിഫാമിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവിടെ ക്യഷിസ്ഥലം എങ്ങനെയായിരിക്കും  എന്നതിനെക്കുറിച്ച് മനസ്സില്‍ ഒരു രൂപഭാവവുമില്ലായിരുന്നു, സാധാരണ കാണുന്ന പോലെ വിശാലമായി പരന്നു കിടക്കുന്ന തെങ്ങിന്‍ തോട്ടവും വയലുകളും ഇവിടെ പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നത് തന്നെ കാരണം . അവിടെ സ്ഥലത്ത് എത്തികഴിഞ്ഞപ്പോളാണ് മനസ്സിലായത് പറമ്പിന്റെ മുകള്‍ ഭാഗത്തുനിന്നാണ് ക്യഷിസ്ഥലത്തേക്ക് പ്രവേശിക്കാന്‍ കഴിയുക എന്നത്.  കമ്പി മുള്‍വേലികൊണ്ട് ക്യഷിസ്ഥലം വേലികെട്ടിയതാണ് ആദ്യം കാണാന്‍ കഴിഞ്ഞത്. കാട്ടുപന്നിയുടെ ശല്യം കൂടുതലായ ഈ പ്രദേശത്ത് വന്യ മ്യഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണിത്. കയറിവന്ന ഭാഗത്ത് ഇടതു വശത്ത് വാഴക്ക്യഷിയും വലതുഭാഗത്ത് ചേമ്പ് ക്യഷിയും  ചെയ്തത് കാണാന്‍ കഴിഞ്ഞു. ഇവിടെ നിന്ന് താഴേക്ക് ഇറങ്ങിയപ്പോള്‍ മൂന്നു ഷെഡ്ഡുകളിലായുള്ള കോഴി ഫാമാണ് ദ്യശ്യമായത്. ഓരോ ഷെഡ്ഡുകളിലും ഏകദേശം ആയിരം വീതം കോഴികളെയാണ് വളര്‍ത്തുന്നത്. കൂടുതല്‍ അടുത്തേക്ക് ചെന്നപ്പോള്‍ ഒരു പാട്ട് കേള്‍ക്കുന്നുണ്ട്  എവിടെ നിന്നാണെന്ന് മനസ്സിലായില്ല പിന്നെ ഷെഡ്ഡിനുള്ളിലേക്ക് കടന്നപ്പോള്‍ മ്യുസിക് സിസ്റ്റം കാണിച്ചു തന്നു. കോഴിഫാമിനുള്ളിലെ ഇങ്ങനെ ഒരു മ്യൂസിക് പരിപാടി ആദ്യ അനുഭവമായിരുന്നു. ഇവിടെ പണിക്കാരുടെ സഹായത്തോടെയാണ് കോഴികള്‍ക്ക് തീറ്റയും വെള്ളവും നല്‍കുന്നത്. തുടര്‍ന്ന് ഞങ്ങള്‍ കണ്ടത് വലിയൊരു കുളമായിരുന്നു ചരിഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് നീരുറവയുള്ള ഒരു ഭാഗത്ത് പാറയില്‍ കോണ്‍ക്രീറ്റ് കൊണ്ട് കെട്ടിയുണ്ടാക്കിയ കുളമാണിത്. ഇതിന്റെ നിര്‍മാണത്തിന് ക്യഷി വകുപ്പിന്റെ ധനസഹായം കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന ലഭിച്ചിരുന്നുവെന്ന കാര്യം അദ്ദേഹം അറിയിച്ചു. കുളത്തിനപ്പുറം ചെറിയ കോണ്‍ ക്രീറ്റ് ടാങ്കുകളില്‍ വളര്‍ത്തുന്ന മത്സ്യങ്ങളും കുറച്ചപ്പുറം വേറൊരു ഷെഡ്ഡില്‍ മണ്ണിരകമ്പോസ്റ്റ് നിര്‍മാണ യൂണിറ്റും ഞങ്ങള്‍ കണ്ടു. മണ്ണിര കമ്പോസ്റ്റിന് ക്യഷിഭവന്‍ മുഖേന ധനസഹായം ലഭിച്ചിരുന്നുവെന്ന കാര്യം കൂടി അദ്ദേഹം അറിയിച്ചു. ഇതൊക്കെ കണ്ടു കഴിഞ്ഞ് ഞങ്ങള്‍ പ്രവേശിച്ചത് അദ്ദേഹത്തിന്റെ വീടു മുറ്റത്തേക്കാണ്.   വീട്ടാവശ്യത്തിനായി നാടന്‍ കോഴികളെ വളര്‍ത്തുന്നത് അവിടെ കാണാന്‍ കഴിഞ്ഞു മുറ്റത്തിന്‍ താഴെയും വശങ്ങളിലുമായി പച്ചക്കറിക്ക്യഷിയുണ്ട് അവിടെയുള്ളതില്‍ എനിക്കേറ്റവും ഇഷ്ടമായി തോന്നിയത് തക്കാളിച്ചെടികളായിരുന്നു അതില്‍ നിറച്ച് നല്ല പഴുത്തുതുടുത്ത് ചുവന്ന നിറത്തിലുള്ള തക്കാളിപ്പഴങ്ങള്‍ ഉണ്ട്. അതിനപ്പുറം ആന്തൂറിയത്തിന്റെ പൂക്ക്യഷിയാണ്, ഈ ചെറിയ തോട്ടത്തില്‍ ചുവന്ന നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നു ഇതില്‍ നനയ് ക്കുന്നതിനായി ചെറിയ സ് പ്രിംക്ലറും തണലിനായി പച്ചനിറത്തിലുള്ള നെറ്റും  ഉപയോഗിച്ചിട്ടുണ്ട്. തുടര്‍ന്ന് പശുത്തൊഴുത്തും അതിനോടനുബന്ധിച്ച് ബയോഗ്യാസ് പ്ലാന്റും കണ്ടു. രണ്ടു പശുക്കളെയാണ് അദ്ദേഹം വളര്‍ത്തുന്നത് ഇതിന്റെ ചാണകം പ്ലാന്റിലേക്കും ക്യഷിക്കുമായി ഉപയോഗിക്കുന്നു. വീട്ടുമുറ്റത്തെത്തിയതിനാല്‍ വീട്ടിലേക്ക് കയറിയിട്ട് ബാക്കി ക്യഷികള്‍ കാണാമെന്ന് ജയ്സണ്‍  പറഞ്ഞു അവിടെ നിന്ന് ആദ്ദേഹത്തിന്റെ ഭാര്യ തയ്യാറാക്കിയ നല്ല നാടന്‍ ഭക്ഷണമൊക്കെ കഴിച്ചിറങ്ങിയത് ക്യഷിയിടത്തിലേക്കാണ്. കൊക്കൊ, ജാതി, കാപ്പി, ഏലം, കുരുമുളക്, കവുങ്ങ് എന്നിവ നിറഞ്ഞ് നില്‍ക്കുന്ന തോട്ടം കാപ്പിക്ക്യഷിത്തോട്ടത്തില്‍ സ് പ്രിംഗ്ലര്‍ വച്ചിട്ടുണ്ട് ക്യഷിവകുപ്പിന്റെ ധനസഹായത്തോടെയാണ് ഇത് സാധ്യമായത്. കഠിനമായ പരിശ്രമവും ക്യഷിയിലെ വൈവിധ്യവല്‍ക്കരണവും  അതാണ് തനിക്ക് ഈ രീതിയില്‍ ക്യഷിയില്‍ വിജയിക്കാനായതെന്നും ജയ്സണ്‍ പറഞ്ഞു . കൂടരഞ്ഞി ക്യഷിഭവന്റെ സഹായ സഹകരണങ്ങള്‍  നിര്‍ലോഭം ലഭ്യമായതും  ക്യഷിക്ക് പ്രചോദനമായി എന്ന കാര്യം  കൂടി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.











 മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്