ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

11 Mar 2015

നായാടംപൊയിലിലെ പച്ചക്കറിയുടെ ഹരിതാഭ

                                                 

               കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും അകലെയുള്ളതുമായ പ്രദേശമാണ് നായാടംപൊയില്‍. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലുമായി കിടക്കുന്ന ഈ പ്രദേശം എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. കൂടരഞ്ഞിയില്‍ നിന്ന് ഏകദേശം ഇരുപത് കിലോമീറ്ററിനു മേലെ സഞ്ചരിച്ചാലെ ഇവിടെയെത്താന്‍ കഴിയുകയുള്ളൂ. അതു കൊണ്ടു തന്നെ ഇവിടെ പെട്ടെന്ന്  ക്യഷിഭവനില്‍ നിന്നും പരിശോധനകള്‍ക്ക് എത്താന്‍ കഴിയാറില്ല. ഈ പ്രദേശത്ത് നിന്നും അപേക്ഷകള്‍ വരുമ്പോള്‍ എല്ലാം ഒന്നിച്ച് നോക്കാറാണ് പതിവ് . അതുകൊണ്ട് തന്നെ നായാടംപൊയിലില്‍ നിന്ന് കൂവ്വപ്പാറയില്‍ ഷൈനിന്റെയും ജെസ്സിയുടെയും പച്ചക്കറിക്ക്യഷി വികസന പദ്ധതിയിലുള്‍പ്പെടുത്തിയ അപേക്ഷ ലഭിച്ചപ്പോള്‍ അവിടെ നിന്ന് മറ്റ് അപേക്ഷകള്‍ ലഭിക്കുമ്പോള്‍ അവയുടെ കൂടെ പരിശോധന നടത്താമെന്ന് തീരുമാനിക്കുകയാണ് ചെയ്തത്.
അങ്ങനെ ക്യഷി വകുപ്പിന്റെ മൊബൈല്‍ അഗ്രൊക്ലിനിക്കിന്റെ വാഹനം ലഭിച്ചപ്പോള്‍ ആദ്യമേ തന്നെ പരിശോധന നടത്താന്‍  നായാടംപൊയിലിലേക്ക് പുറപ്പെട്ടു. ക്യഷി ഓഫീസറോടൊപ്പം ഈ സ്ഥലത്തേക്ക് പുറപ്പെടുമ്പോള്‍ ഷൈനിനെ വിളിച്ച് വരുന്ന കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞപ്പോഴാണ് അന്ന് റേഷന്‍ കാര്‍ഡ് ഫോട്ടോയെടുപ്പ് കക്കാടംപൊയിലില്‍ നടക്കുകയാണ് എന്ന വിവരം ഓര്‍ത്തത്. ഇന്നത്തെ സ്ഥല സന്ദര്‍ശനത്തിന്  അതൊരു ബുദ്ധിമുട്ടാകുമെന്നു കരുതിയെങ്കിലും  അവിടെ ഞങ്ങള്‍ ചെല്ലുമ്പോള്‍ വീട്ടില്‍ ആളുണ്ടാവുമെന്ന് ഷൈന്‍ അറിയിച്ചു. തുടര്‍ന്ന് പോവുന്ന വഴിയില്‍ അത്യാവശ്യമായി നോക്കാനുള്ള കൂമ്പാറയിലെ സ്കൂള്‍ പച്ചക്കറിത്തോട്ടവും അതിനടുത്തുള്ള വിത്തു തേങ്ങയെടുക്കുന്ന വീടും  പീടികപ്പാറയിലെ രോഗബാധിതമായ കൊടിത്തോട്ടവും നോക്കി ഞങ്ങള്‍ കക്കാടംപൊയിലിലെത്തി പിന്നീട്  എകദേശം അഞ്ചു കിലോമീറ്ററോളം മലപ്പുറം ജില്ലയിലൂടെ സഞ്ചരിച്ച് നായാടംപൊയിലിലേക്കെത്തിച്ചേര്‍ന്നു.
                                     
ക്യഷി ഓഫീസര്‍ ജിഷ പി ജി പാവല്‍ത്തോട്ടത്തില്‍
         പോകുന്ന വഴിയില്‍ കണ്ട റിസോര്‍ട്ടുകളും ഫാക്ടറികളും വിദ്ദൂരതയില്‍ തൊട്ടടുത്തെന്ന പോലെ തെളിഞ്ഞു കാണുന്ന പന്തീരായിരം കാടും കൂടെയുള്ളവര്‍ക്ക് കൌതുകമായി. നായാടംപൊയിലിലെ ത്തിയപ്പോള്‍  കടകളൊക്കെ അടഞ്ഞ് കിടക്കുകയാണ്. കടകള്‍ എന്നു പറയാന്‍ രണ്ടോ മൂന്നോ കടകളുണ്ട് അതു തന്നെ റേഷന്‍ കാര്‍ഡ് ഫോട്ടോയെടുപ്പുമായി ബന്ധപ്പെട്ട് അടഞ്ഞ് കിടക്കുന്നു. ടാറിട്ട റോഡ് അങ്ങാടിയില്‍ തീര്‍ന്നു ഇനി മണ്‍ റോഡുകളാണ് വാഹനത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ താഴെ റോഡില്‍ നിന്നും ജെസ്സി ഞങ്ങളെ സ്വീകരിക്കാന്‍ നടന്നു വരുന്നുണ്ട്. അവരോടൊപ്പം ഞങ്ങള്‍ ഇറങ്ങി നടന്നു. താഴെ പെരുമ്പൂള അങ്ങാടിയിലേക്കുള്ള വഴിയാണ് ആ വഴി വല്ലപ്പോഴും ജീപ്പ് സ്വകാര്യ ആവശ്യത്തിനു പോകും കുത്തനെയുള്ള ഇറക്കവുമാണ് എകദേശം മൂന്നു കിലോമീറ്ററിനു മേലെ ദൂരവുമുണ്ട്.  ആ വഴിയില്‍  തഴെ പെരുമ്പൂളയില്‍ നിന്നും കുറേ ദൂരം കാല്‍ നടയായി  കയറി വന്നതും വിഷമിച്ച് പോയതും ഓര്‍മ്മ വന്നു.      

   
                          വീടിനടുത്തേക്കെത്തി വീട്ടിലേക്ക് കയറുന്നതിന്റെ ഇരു വശവും പച്ചക്കറിക്ക്യഷിയാണ്. പയര്‍, തക്കാളി തുടങ്ങിയവ. തക്കാളിയും പയറിന്റെ ഒപ്പം പടരാനായി കെട്ടിയിട്ടിരിക്കുവാണ്, സൂക്ഷിച്ചു നോക്കിയപ്പോള്‍ സാധാരണ തക്കാളിയല്ല. വലിപ്പം കൂടുതലാണ്. അപ്പോള്‍ ജെസ്സിയുടെ പിതാവാണ് പറഞ്ഞത് ഇതു ജെര്‍മന്‍ തക്കാളിയാണ് ഹൈറേഞ്ചില്‍  നിന്നും കൊണ്ടു വന്നതാണെന്നൊക്കെ. ഏതായലും ഈ തക്കാളി കൌതുകമുണര്‍ത്തി. കൂടെ കായ്ച്ചു നില്‍ക്കുന്ന തക്കാളിയുടെ ഒരു ഫോട്ടോയുമെടുത്തു. ഇടതു വശത്ത് കുറ്റിപയര്‍ നല്ല പോലെ പടര്‍ന്നു നില്‍ക്കുന്നു പയറിന്റെ വിത്ത് ക്യഷിഭവനില്‍ നിന്നും സ്കൂളില്‍ വിതരണം ചെയ്തവയാണെന്നറിഞ്ഞപ്പോള്‍ സന്തോഷം  തോന്നി. ഇതു 'സാമ്പിള്‍' ഇനിയാണ് കാണാനുള്ളത് എന്നു പറഞ്ഞതു പോലെയായി പാവല്‍ ക്യഷി കണ്ടപ്പോള്‍. പാവല്‍ നിറഞ്ഞ് കായ്ച്ചു നില്‍ക്കുകയാണ്. 'പ്രീതി' ഇനത്തില്‍പ്പെട്ട പാവല്‍ ചെടികള്‍ക്ക് അലകുപയോഗിച്ച് താങ്ങു നല്‍കിയിട്ടുണ്ട്. നല്ല വലിപ്പമുള്ള കായ്കള്‍, കായീച്ചകള്‍ കാര്യമായി നാശനഷ്ടമുണ്ടാക്കിയിട്ടില്ല എങ്കില്‍ക്കൂടി ക്യഷി ഓഫീസര്‍ ക്യുലുര്‍ ഫിറമോണ്‍ കെണികള്‍ പാവല്‍ക്ക്യഷിയില്‍ ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ച് പറഞ്ഞു. അതോടൊപ്പം തന്നെ പയറും, പടവലവും വെവ്വേറെ പന്തലില്‍ കായ്ച്ചു നില്‍ക്കുന്നുമുണ്ട്. പടവലം നല്ല പോലെ നിറഞ്ഞു നില്‍ക്കുകയാണ് അവരുടെ അദ്ധ്വാനം വെറുതെയായില്ല. തോട്ടം സന്ദര്‍ശിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇവിടെത്തന്നെ പച്ചക്കറിക്ക്യഷി നടത്തുന്നതിന് തയ്യാറെടുപ്പു നടത്തുന്ന കാര്യം രണ്ടു പേര്‍ അറിയിച്ചത് ഓര്‍മ്മ വന്നത്. അവരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവരവിടെ തൊട്ടടുത്തു തന്നെയുണ്ട് ഷാജിയും, സിബിയും . ക്യഷി ചെയ്യുന്ന സ്ഥലം കുറേ മുകളിലാണ് എന്നറിയിച്ചു. എനിക്കവിടെ വരുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല എന്നറിയിച്ചു. നല്ല കയറ്റം കയറി അവിടെയെത്തി. ക്യഷി സ്ഥലമൊരുക്കി തൈകള്‍ നട്ടു വരുന്നതേയുള്ളൂ. പയര്‍ കയറാന്‍ കമ്പുകള്‍ കുറേ നാട്ടിയിട്ടുണ്ട്. മുളക്, വഴുതന തൈകള്‍ നട്ടു വരുന്നു. അതോടൊപ്പം അവിടെ നിന്ന് നോക്കിയപ്പോള്‍ നായാടംപൊയിലിന്റെ മുഴുവന്‍ ഭാഗവും കാണാന്‍ കഴിയുന്നുന്നുമുണ്ട്. അത്രയും ഉയരത്തിലാണിപ്പോള്‍. വന്ന വാഹനം ​വളരെ അകലത്തിലായി കാണുന്നുണ്ട്. അതിനുമപ്പുറം ഷൈന്‍ ക്യഷി ചെയ്യുന്ന വാഴത്തോട്ടവും കാണുന്നുണ്ട്.      നല്ല ഹരിതാഭയില്‍  ആയിരക്കണക്കിന് വാഴകള്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ച നയനാനന്ദകരമായിരുന്നു. സമയം രണ്ടു മണിയാകാറായി, കൂടരഞ്ഞിയില്‍ എത്താനുള്ളതിനാല്‍  തിടുക്കപ്പെട്ട് ഞാനവിടെ നിന്ന് ഇറങ്ങി ക്യഷി ഓഫീസറോടൊപ്പം വാഹനത്തിനടുത്തേക്ക് നടന്നു.
വലിയ ഇനം തക്കാളി



സ്കൂളുകളില്‍ കൂടി വിതരണം ചെയ്ത വിത്തുപയോഗിച്ചുള്ള ക്യഷി


നായാടംപൊയില്‍ കണ്ടിലപ്പാറക്കുന്നില്‍ നിന്നുമുള്ള ദ്യശ്യം
മിഷേല്‍ ജോര്‍ജ്
ക്യഷി അസ്സിസ്റ്റന്റ്, ക്യഷിഭവന്‍
കൂടരഞ്ഞി