ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

20 Mar 2015

വിളകള്‍ സംരക്ഷിക്കാന്‍ ഉപായങ്ങളുമായി കര്‍ഷകര്‍


അകമ്പുഴയില്‍ കര്‍ഷകരോടൊപ്പം ലേഖകന്‍
                   വന്യമ്യഗങ്ങളുടെ  അക്രമണം മലയോര മേഖലകളിലെങ്ങും നേരിടുമ്പോള്‍ ക്യഷിയെ രക്ഷിക്കാന്‍ കര്‍ഷകര്‍ തേടുന്ന ഉപായങ്ങള്‍ ശ്രദ്ധേയമാകുന്നു. കൂടരഞ്ഞിയിലെ മലയോര പ്രദേശവും അതില്‍ത്തന്നെ ഏറ്റവും ഉള്ളിലായി കിടക്കുന്ന അകമ്പുഴയില്‍ കര്‍ഷകര്‍ വന്യമ്യഗങ്ങളുടെ ശല്യത്തെ പ്രതിരോധിക്കാന്‍ തീര്‍ക്കുന്ന ഉപായങ്ങളാണ് ശ്രദ്ധേയമാകുന്നത്. കൂമ്പാറ-കക്കാടംപൊയിലിനുമിടക്ക് താഴെകക്കാട് നിന്നും മൂന്നു കിലോമീറ്റര്‍ ഉള്ളിലായി കിടക്കുന്ന ഈ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണ്. കാല്‍ നടയായി യാത്ര ചെയ്യാന്‍ മാത്രമേ കഴിയൂ അല്ലെങ്കില്‍ ജീപ്പ് ഉപയോഗിക്കേണ്ടി വരും. ഇവിടം സന്ദര്‍ശിക്കുന്നതിനു ഒരുങ്ങിയപ്പോള്‍  ഒരു വാഹനം ഉപയോഗിച്ചു അങ്ങോട്ട് പോകുന്നത് പ്രായോഗികമായി ബുദ്ധിമുട്ടായതിനാല്‍ താഴെ കക്കാട് നിന്നും അകമ്പുഴയിലേക്ക് അര കിലോമീറ്റര്‍ ദൂരം വരെ ബൈക്കോടിച്ച് തുടര്‍ന്ന് നടക്കുന്നതിനു തീരുമാനിച്ചു, കൂടെ കേരഫെഡ് അക്കൌണ്ടിനേയും കൂടെ കൂട്ടി.  ഇത്തരം സ്ഥലങ്ങളിലേക്ക് ഒറ്റക്ക് പോകുന്നത്  റിസ്കായതിനാലാണ് ഒരാളെയും കൂടെ കൂട്ടിയത്. കാട്ടു പന്നിയും ചിലപ്പോള്‍ ആനയുടെ ശല്യവുമുള്ള പ്രദേശമാണ്.  അപകടം പറ്റിയാല്‍ ആരും സഹായിക്കാന്‍ എത്തിച്ചേരാത്ത സ്ഥലമാണ്. ഈ പറഞ്ഞ സ്ഥലത്ത് മുന്‍ കാലങ്ങളില്‍ ക്യഷിക്കാര്‍ അവിടെ കുടുംബവുമൊത്ത് താമസിച്ച് ക്യഷി ചെയ്തു വന്നിരുന്നു. ഇപ്പോള്‍ പേരിനു പോലും ആരും താമസിക്കുന്നില്ല. എല്ലാവരും താഴെ കൂമ്പാറയിലും കക്കാടുമായി വീടുകള്‍ വെച്ചു. ക്യഷിചെയ്യാന്‍ വേണ്ടി മാത്രം പകല്‍ സമയത്ത് ഇവിടേക്ക് വരും. ചിലര്‍ ചിലദിവസങ്ങളില്‍ ഇവിടെയുള്ള പഴയ വീടുകളീല്‍ കഴിയുകയും ചെയ്യും. അങ്ങനെയുള്ള രണ്ട് കര്‍ഷകരുടെ ക്യഷിയിടത്തിലേക്ക് ഈ യാത്രയില്‍ എത്തിയപ്പോള്‍ കണ്ട കാര്യമാണ് ഈ ലേഖനം എഴുതാന്‍ കാരണമായത്.


പന്നി ശല്യം ഒഴിവാക്കാന്‍ ഇരുമ്പു വല ചുറ്റിയിരിക്കുന്നു
                      മറ്റു ക്യഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ആനക്കല്ലുംപാറ- അകമ്പുഴ റൂട്ടില്‍ ആലുവ ബേബി എന്നു വിളിക്കുന്ന അഗസ്തി കളത്തിപ്പറമ്പില്‍ എന്ന കര്‍ഷകന്റെ ക്യഷിയിടത്തിലേക്ക് എത്തിയപ്പോള്‍ ഗ്രാമ്പുവിന്റെ വിളവെടുപ്പിലായിരുന്നു അവര്‍. മകന്‍ മെല്‍ബിന്‍ രണ്ടു കവുങ്ങിനിടയില്‍ കെട്ടിയ കയറില്‍ കോണി ചാരി വെച്ച് സര്‍ക്കസ് കാരന്റെ മെയ് വഴക്കത്തോടെ ഗ്രാമ്പു പറിക്കുന്നുണ്ട്. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ അവര്‍ക്കു വളരെ സന്തോഷമായി. താഴെകക്കാട് താമസിക്കുന്ന ബേബിച്ചേട്ടന്‍ ക്യഷി നോക്കാന്‍ വേണ്ടി മാത്രമാണ് ഇവിടെ വരുന്നത് ഇവിടെ ക്യഷിസ്ഥലമുള്ളവര്‍ മാത്രമേ സാധാരണ ഇവിടെ വരാറുള്ളൂ പ്രതീക്ഷിക്കാത്തവരെ കണ്ടപ്പോള്‍  തോന്നിയ സന്തോഷം. അദ്ദേഹത്തിന്റെ ക്യഷിയിടം പൂര്‍ണ്ണമായി കാണാന്‍ ക്ഷണിച്ചു ഞാന്‍ നിരസിച്ചില്ല അങ്ങനെ ക്യഷികള്‍ ചുറ്റിക്കാണുമ്പോള്‍ ജാതി മരം കാട്ടു പന്നി നശിപ്പിക്കാതിരിക്കാന്‍ പ്രയോഗിച്ച ഒരു വിദ്യ അത് ആകര്‍ഷകമായി തോന്നി പന്നിക്ക് ഇരുമ്പിനെപ്പേടിയായതിനാല്‍ ഇരുമ്പിന്റെ ഒരു വല അര  മീറ്റര്‍ ഉയരത്തില്‍ മരത്തിന്റെ ചുറ്റുമായി വെച്ചിരിക്കുന്നു. ഇത് വെച്ചതില്‍പ്പിന്നെ  കാട്ടുപന്നി മരത്തില്‍ തേറ്റകുത്തിയിറക്കി മരം നശിപ്പിക്കുന്ന ശല്യം ഉണ്ടായിട്ടില്ല എന്ന് ബേബിച്ചേട്ടന്‍ അവകാശപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ക്യഷിയിടത്തിനടുത്തുള്ള സെബാസ്റ്റ്യന്‍ തോട്ടത്തിമ്യാലില്‍ എന്ന കര്‍ഷകന്റെ ക്യഷിയിടത്തില്‍ ചെയ്ത ചേമ്പ് ക്യഷി പന്നി ശല്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗം ഏറ്റവും മികച്ചതായി തോന്നി. ശബ്ദം ഉണ്ടാക്കി കാട്ടു പന്നിയെ അകറ്റി നിര്‍ത്തുക എന്ന മാര്‍ഗ്ഗമാണിവിടെ സ്വീകരിച്ചിരിക്കുന്നത്. പണ്ട് കാലത്ത് മുത്തന്‍മാര്‍ (ആദിവാസികള്‍) ചെയ്തിരുന്ന തട്ട കെട്ടിയാണ് പന്നിയെ അകറ്റിയത്. ആ മാര്‍ഗ്ഗം ഇന്നുമുള്ള മുത്തന്‍മാര്‍ക്ക് അറിയാം അവരാണ് ഈ ക്യഷിയിടത്തില്‍ ചെയ്തു കൊടുത്തത്. തട്ട കെട്ടുക എന്നാല്‍ രണ്ടു കവുങ്ങിനിടയില്‍ ഇരുമ്പു പൈപ്പോ മുളയുടെ പൈപ്പോ കെട്ടി അതിലേക്ക് മുള ശക്തിയായി അടിക്കുമ്പോള്‍ വലിയ ശബ്ദമുണ്ടാകുന്നു. മുള വലിച്ചു വിടാന്‍ നീളമുള്ള ഒരു കയറാണ് ഉപയോഗിക്കുന്നത് കയറിന്റെ നീളമനുസരിച്ച് എത്ര ദൂരത്തു നിന്നു വേണമെങ്കിലും ഇത് പ്രവര്‍ത്തിപ്പിക്കാം. സെബാസ്റ്റ്യന്‍ ചേട്ടന്റെ ക്യഷിയിടത്തില്‍ നിര്‍മ്മിച്ച തട്ടയില്‍ ഉപയോഗിച്ച കയറിന്റെ മറ്റേ അറ്റം വീടിനുള്ളിലാണ് ഘടിപ്പിച്ചത് രാത്രി കാലങ്ങളിലും മറ്റും പുറത്തിറങ്ങാതെ ഈ കയര്‍ വലിച്ച് ശബ്ദമുണ്ടാക്കി അദ്ദേഹം പന്നികളെ ഓടിച്ച് ചേമ്പു ക്യഷി രക്ഷിച്ചെടുത്തു. അദ്ദേഹം ചെയ്ത ഈ ക്യഷിയില്‍ വിളവെടുത്ത ചേമ്പ് വേങ്ങേരി ഹോള്‍സെയില്‍ മാര്‍ക്കറ്റിലാണ് വിറ്റഴിച്ചത് കൂടാതെ കൂടരഞ്ഞി ക്യഷിഭവന്‍ ആര്‍. കെ. വി. വൈ പദ്ധതിയില്‍ സഹായവും നല്‍കിയിരുന്നു
                                                                                 തട്ട കെട്ടിയ ക്യഷിയിടം                                                                                       മിഷേല്‍ ജോര്‍ജ് ,ക്യഷി അസ്സിസ്റ്റന്റ്