ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

26 Mar 2015

ഒരുമയുടെ ക്യഷിപാഠം


ജോസ് പുലക്കുടിയില്‍ വെണ്ടയുടെ വിളവെടുപ്പില്‍
    അയല്‍ക്കാര്‍ ഒത്തുചേര്‍ന്നപ്പോള്‍ വിളഞ്ഞത് നന്മ നിറഞ്ഞ പച്ചക്കറികളുടെ വസന്തം. കൂടരഞ്ഞി കല്‍പിനിയിലെ അയല്‍ക്കാരായ അഡ്വ: സി.ജെ. ജോണ്‍ ചെരിയംപുറവും അദ്ദേഹത്തിന്റെ സഹോദരന്‍മാരായ ജെയിന്‍, സാന്റി, വിനോദ് എന്നിവരും ജോസ് പുലക്കുടിയിലും ഒന്നു ചേര്‍ന്നൊരുക്കിയ പച്ചക്കറിത്തോട്ടം വിളവിന്റെ നേര്‍ക്കാഴ്ചയായി. കല്‍പിനിയിലെ ജോസിന്റെ അരയേക്കറോളം വരുന്ന ക്യഷിയിടത്തില്‍ ഇന്ന് ഇവര്‍ കൊയ്യുന്നത് അദ്ധ്വാനത്തിന്റെ ഫലമാണ്. കൂട്ടായ്മയില്‍ വിളഞ്ഞ ഈ പച്ചക്കറിത്തോട്ടം വിളകളുടെ വൈവിധ്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. വെള്ളരി വര്‍ഗ്ഗ വിളകളായ പാവല്‍, പടവലം, വെള്ളരി, മത്തന്‍, ചുരക്ക എന്നിവ വിളഞ്ഞു നില്‍ക്കുന്ന ഈ തോട്ടത്തില്‍ പയര്‍, വഴുതന,നിത്യ വഴുതന,  ചീര, മുളക്,വെണ്ട, പീച്ചിങ്ങ എന്നിവ കരുത്തോടെ തഴച്ചു വളരുന്ന മനോഹരമായ കാഴ്ച മനസ്സിനു കുളിര്‍മയേകുന്നു. അയല്‍ക്കാരുടെ സൌഹ്യദ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളിലൊന്നായിരുന്നു പച്ചക്കറിക്ക്യഷി. വീട്ടിലെ ചെറിയ അടുക്കളത്തോട്ടത്തിന്റെ പരിചയ സമ്പത്തും ക്യഷിയുടെ പാരമ്പര്യവും കൈമുതലായുള്ള  ഇവര്‍ ആദ്യമായാണ് വിപുലമായ തോതില്‍ പച്ചക്കറിക്ക്യഷി ആരംഭിക്കുന്നത്. അതിനായി നാടന്‍ വിത്തുകളും മണ്ണുത്തി കാഷിക സര്‍വ്വകലാശാലയുടെ കോഴിക്കോടുള്ള വില്പന കൌണ്ടറില്‍ നിന്നും  ലഭിച്ച വിത്തുകളും സ്വകാര്യ നഴ്സറികളില്‍ നിന്നും  ലഭിച്ച വിത്തുകളും ശേഖരിച്ചു മുന്നൊരുക്കം നടത്തി.

      ഈ കൂട്ടായ്മയിലെ കര്‍ഷകനായ ജോസിന്റെ മൂന്നു വര്‍ഷമായി ക്യഷി ചെയ്യാതെ കിടന്നിരുന്ന അരയേക്കറോളം സ്ഥലത്ത് ക്യഷി ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സ്ഥലമൊരുക്കി വിത്തിട്ട് ആവശ്യമായ വളവും നല്‍കി. ആരംഭ ഘട്ടത്തില്‍ കുറച്ച് രാസവളം നല്‍കി ചെടികളെ ഉത്തേജിപ്പിച്ചു. തുടര്‍ന്ന് കോഴി വളം, പശുവിന്‍ ചാണകത്തിന്റെ സ്ലറി എന്നിവ ആവശ്യത്തിനു നല്‍കി. നല്ല മണ്ണില്‍ നല്ല കരുത്തോടെ തഴച്ചു വളര്‍ന്ന ചെടികള്‍ പ്രതീക്ഷയില്‍ കവിഞ്ഞ വിളവാണ്  നല്‍കിയത്. കീടരോഗ നിയന്ത്രണത്തിനായി ക്യഷിഭവനില്‍ നിന്നും നല്‍കിയ ഉപദേശമനുസരിച്ച് ക്യൂലൂര്‍ ഫിറമോണ്‍ കെണികള്‍ തോട്ടത്തില്‍ സ്ഥാപിച്ചു . ഈ കെണികള്‍ ഈ പച്ചക്കറിതോട്ടത്തില്‍ എഴുപതു ശതമാനത്തോളം വിജയമാണെന്നാണ്  തോട്ടത്തിനു മുന്‍ കൈയ്യെടുത്തവരിലൊരാളായ അഡ്വ. ജോണ്‍ ചെരിയംപുറം അഭിപ്രായപ്പെട്ടത്. കൂടാതെ പാവല്‍ ക്യഷിയില്‍ നൂറു ശതമാനം കീട ബാധയെ ചെറുക്കാന്‍ കഴിയുന്ന ഒരു രീതിയാണ് ഇവിടെ പിന്തുടരുന്നത് എന്ന കാര്യം കൂടി അറിയിച്ചു.  കടകളില്‍ ലഭിക്കുന്ന കട്ടി കുറഞ്ഞ പോളിത്തീന്‍ കവര്‍ ഇരുപത് സെന്റിമീറ്ററോളം നീളം വരുന്നത് റബ്ബര്‍ ബാന്‍ഡ്  ഉപയോഗിച്ച് കെട്ടി ചെലവു കുറഞ്ഞ കീടനിയന്ത്രണ മാര്‍ഗ്ഗമായി  ഈ പച്ചക്കറിത്തോട്ടത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. നൂറു കവറുകള്‍ അന്‍പത് രൂപ നിരക്കില്‍ ലഭിക്കുന്നതും വിളവെടുപ്പ് കഴിയുമ്പോള്‍ തുടര്‍ന്നും ഉപയോഗിക്കാം എന്നതും ഈ രീതി പിന്തുടരുന്നതിലൂടെ ക്യഷിയുടെ ചിലവു കുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   പ്രാദേശിക മാര്‍ക്കറ്റിലും കൂടരഞ്ഞിയിലെ 'ഉണര്‍വ്വ്' എന്ന കാര്‍ഷിക വിപണിയിലും നല്ല വിലയില്‍ ഈ പച്ചക്കറികള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു എന്നത് ഒരു നേട്ടമായി ഇവര്‍ കണക്കാക്കുന്നു. കൂടാതെ നല്ല വിളവു ലഭിച്ചതിലൂടെ അധികം വരുന്ന പച്ചക്കറികള്‍ കുടുംബക്കാര്‍ക്കും അയല്‍പക്കക്കാര്‍ക്കും നല്കുന്നതിലൂടെ അവരുമായുള്ള ബന്ധം ഏറ്റവും നല്ല രീതിയില്‍ തുടരുന്നതിന് ഈ കൂട്ടു ക്യഷിയിലൂടെ സാധിച്ചതില്‍ ഇവര്‍ സന്തുഷടരാണ്. ഇവരുടെ പരിശ്രമത്തിന് പ്രോത്സാഹനമായി കൂടരഞ്ഞി ക്യഷിഭവന്‍ ക്യഷി വകുപ്പിന്റെ സമഗ്രപച്ചക്കറി വികസന പദ്ധതിയിലെ സ്കാറ്റേര്‍ഡ് ക്ലസ്റ്റര്‍ വിഭാഗത്തിലുള്‍പ്പെടുത്തി പിന്തുണ നല്കുന്നുമുണ്ട്.
അഡ്വ. ജോണും ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജും



മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്