ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

9 Mar 2015

ടെറസ്സില്‍ പച്ചക്കറിത്തോട്ടമൊരുക്കി സന്തോഷ് പൊട്ടനാനിക്കല്‍

                          
                   
           കൂടരഞ്ഞിയിലെ ഓട്ടോ ഡ്രൈവറാണ് സന്തോഷ്. ഓട്ടോയോടിക്കുമ്പോഴും സന്തോഷിന്റെ മനസ്സ് ക്യഷിയിലാണ്.  അദ്ദേഹം തന്റെ ജോലിക്കിടയിലും സ്വന്തമായുള്ള 20 സെന്റ് സ്ഥലത്ത് വിള വൈവിധ്യമൊരുക്കുകയാണ്  ചെയ്യുന്നത്. ടെറസ്സിലും മുറ്റത്തുമായി വിവിധ തരം വിളകളാണ് ക്യഷി ചെയ്തു വരുന്നത്. പച്ചക്കറിക്ക്യഷി ചെയ്യുന്നതിനായി മോഹമുദിച്ചപ്പോള്‍ ആകെയുള്ള സ്ഥലത്ത് വീടു നില്‍ക്കുന്ന സ്ഥലം കഴിഞ്ഞ് കുറച്ചു  ഭാഗം മാത്രമേ പച്ചക്കറിക്ക്യഷിക്കു അനുയോജ്യമായ സ്ഥലമുള്ളൂ. വിശാലമായി കിടക്കുന്ന ടെറസ്സ് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല  ടെറസ്സില്‍ ക്യഷി ചെയ്യാന്‍ തീരുമാനിച്ചു. ആദ്യം ടെറസ്സില്‍ കട്ടിയേറിയ സില്‍പോളിന്‍ ഷീറ്റ് വിരിച്ചു തുടര്‍ന്ന് മണ്ണ് ടിപ്പറില്‍ കൊണ്ടു വന്ന് ടെറസ്സിലേക്കു കയറ്റി. കുറേ സിമന്റ് പൈപ്പുകളും ഇറക്കി അതിലെല്ലാം പച്ചക്കറികള്‍ നട്ടു. പൈപ്പുകളില്‍ കോഴിവളവും മണ്ണും കലര്‍ത്തിയാണ് നിറച്ചത്. പൈപ്പുകള്‍ ടെറസ്സിലും വീടിനു ചുറ്റുമായി വിന്യസിച്ചു. തുടര്‍ന്ന് ടെറസ്സിലേക്ക് പച്ചക്കറിത്തൈകള്‍ നട്ട് ക്യഷി വിപുലപ്പെടുത്തി.  
       
പയര്‍, പാവല്‍ ,കോവല്‍ , പടവലം, മുളക്, വഴുതിന, മത്തന്‍, വെള്ളരി, കക്കിരി, വെണ്ട, ചതുരപ്പയര്‍, നിത്യവഴുതന എന്നീ പച്ചക്കറികള്‍ ഇപ്പോള്‍ ടെറസ്സിലും മുറ്റത്തുമായി വിളയുന്നു. ഈ ക്യഷിയില്‍ വീട്ടില്‍ വളര്‍ത്തുന്ന പശുവിന്റെ ചാണകമുപയോഗിച്ചുള്ള സ്ലറിയാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്. പച്ചചാണകവും കടലപ്പിണ്ണാക്ക് ശീമക്കൊന്നയില എന്നിവ ഒരുഡ്രമ്മിലിട്ട് പുളിപ്പിച്ചെടുക്കുന്ന രീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്. കീടരോഗ നിയന്ത്രനത്തിനായി ജൈവമാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്ന ഇദ്ദേഹം വെള്ളരി വര്ഗ്ഗ വിളകളെ കായീച്ചകളില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഫിറമോണ്‍ കെണിയും കീടങ്ങളുടെ അക്രമണങ്ങളുടെ രൂക്ഷത കുറക്കാന്‍ നീറിനെ കയറ്റി വിടുന്ന രീതിയും ഇവിടെ പിന്തുടരുന്നു. നീറിനെ കയറ്റുന്നതിനായി എല്ലിന്‍ കഷണമാണ്  പ്രയോഗിക്കുന്നത്. കുറഞ്ഞ സ്ഥലമേ ഉള്ളുവെങ്കിലും ഉള്ള സ്ഥലത്ത് സപ്പോട്ട, റംബൂട്ടാന്‍, ബട്ടര്‍, മാവ് തുടങ്ങിയ ഫലവ്യക്ഷങ്ങളുടെ തൈകള്‍ വച്ചു പിടിപ്പിച്ചുണ്ട്. കൂടാതെ ഇവിടെ മുറ്റത്ത് ചാക്കില്‍ മണ്ണു നിറച്ച് കുത്തനെ വച്ച് സില്‍പോളിന്‍ ഷീറ്റ് വിരിച്ച് അതിനുള്ളില്‍  അദ്ദേഹം മത്സ്യക്ക്യഷി  നടത്തുന്നു. ഫിലോപ്പിയ വര്‍ഗ്ഗത്തില്‍പ്പെട്ട കരിമീന്‍ ആണ് ഇവിടെ ക്യഷി ചെയ്തു വരുന്നത്. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്കൂളില്‍  മത്സ്യക്ക്യഷി ആരംഭിച്ചപ്പോള്‍ വിത്തുകള്‍ വിതരണം ചെയ്തത് ഇവിടെ നിന്നാണ്. കൂടാതെ സി ഒ 3 പുല്ല് ഈ ടാങ്കിനു ചുറ്റുമായി വളര്‍ത്തുന്നുണ്ട്. സന്തോഷിനെ ക്യഷിയില്‍ സഹായിക്കുന്നതിനായി സഹധര്‍മ്മിണി മിനി മക്കള്‍ അനൂപ്, അനിറ്റ എന്നിവര്‍ എപ്പോഴും കൂടെയുണ്ട്.
സന്തോഷ് പൊട്ടനാനിയുടെ മൊബൈല്‍ നമ്പര്‍ : 9447951498





മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്