ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

2 Mar 2015

പച്ചക്കറിക്ക്യഷിയുടെ ആവേശത്തില്‍ ഒരു കുരുന്ന്....

                      സ്കൂളില്‍ ഒന്നാം ക്ലാസ്സുകാരന്‍ പക്ഷേ ക്യഷിയില്‍ പത്താം ക്ലാസ്സുകാരന്‍ അതാണ് മുഹമ്മദ് ഷെമീമെന്ന കുരുന്നിന്റെ വീട്ടിലെ ടെറസ്സിലേക്ക് കയറുമ്പോള്‍ മനസ്സില്‍ തോന്നുക. താഴെക്കൂടരഞ്ഞി ദാറുല്‍ ഉലൂം എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസ്  വിദ്യാര്‍ഥിയായ ഷെമീമിന്റെ വീട്ടിലെ ടെറസ്സില്‍ പയര്‍, പാവല്‍, പടവലം, മുളക്, വഴുതന, കോളിഫ്ലവര്‍, കാബേജ്, വെള്ളരി തുടങ്ങി ഒരു വീട്ടില്‍ വേണ്ട എല്ലാ വിളകളും വളരുന്നു. കൂടരഞ്ഞി നമ്പ്യാര്‍ത്തൊടി വീട്ടില്‍ ഫൈസലിന്റെ മകനാണ് ഷെമീം. ഉമ്മ ആയിഷ വല്ല്യുപ്പ മുഹമ്മദ് വല്ല്യുമ്മ  ആമിന എന്നിവരും ഷെമീമിനു പ്രോത്സാഹനം നല്‍കി ഒപ്പമുണ്ട്. സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന സ്കൂളില്‍ വിതരണം ചെയ്ത വിത്തുകളാണ് നമ്പ്യാര്‍ത്തൊടി വീട്ടില്‍ അടുക്കളത്തോട്ടമൊരുങ്ങുന്നതിന് നിമിത്തമായത്. സ്കൂളില്‍ നിന്നും ലഭിച്ച വിത്തുകളുപയോഗിച്ച് ടെറസ്സിലെ വിശാലമായ സ്ഥലത്ത് പച്ചക്കറിക്ക്യഷി ചെയ്യുന്നതിന് കുടുംബാംഗങ്ങളെല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. 


     വല്ല്യുപ്പ മുഹമ്മദ് വലിയ അവേശത്തോടെയാണ് ഷെമീമിന്റെ ക്യഷിയിലുള്ള താല്‍പര്യത്തെക്കുറിച്ച് ക്യഷിഭവനില്‍ വന്ന് പറയാറ്. കൂടരഞ്ഞി ക്യഷി ഓഫീസര്‍ ജിഷ പി. ജി. ദാറുല്‍ ഉലൂം സ്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനാവസരത്തില്‍ പറഞ്ഞ വളക്കൂട്ടും കീടരോഗ നിയന്ത്രണോപാധികളും തയ്യാറാക്കി ഈ ടെറസ്സില്‍  അത് പ്രായോഗികമാക്കുന്നു. അതോടൊപ്പം കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും ലഭിച്ച പച്ചക്കറിത്തൈകള്‍ മികച്ചതാണെന്ന ഫൈസലിന്റെ  അഭിപ്രായത്തെ  ടെറസ്സിന്റെ ഒരു വശത്ത് കരുത്തോടെ നില്‍ക്കുന്ന വഴുതനച്ചെടികളും തക്കാളിച്ചെടികളും സാക്ഷ്യപ്പെടുത്തുന്നു. ഈ വീട്ടിലെ പച്ചക്കറിക്ക്യഷിക്ക് പ്രോത്സാഹനവുമായി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജാബിര്‍ മറ്റ് അധ്യാപകര്‍ എന്നിവര്‍ ഒപ്പമുണ്ട് . ക്യഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി ഓരോ വീടിലും സ്യഷ്ടിക്കുന്ന മാറ്റങ്ങള്‍ക്കുദാഹരണമാണ് ഈ കുടംബം.  ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. ഒരു ചെറിയ കുട്ടിക്ക് തനിച്ച് ഒരു തോട്ടമുണ്ടാക്കാന്‍ കഴിയില്ല അതിന് മാതാപിതാക്കളുടെ സഹകരണം കൂടിയേ തീരൂ. ക്യഷിയില്‍ താല്‍ പര്യം കാട്ടിയ ഈ കുരുന്നിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ കാണിച്ച താല്‍പര്യം അഭിനന്ദനീയമാണ്.





മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്